Thursday, March 31, 2011

സ്മാരകഗര്‍ത്തം

ഒരു എല്ല് മണം...!!!

ഇവിടെവിടെയോ ആണ്‌...

ആഹ്‌... നനഞ്ഞിടം കുഴിക്കാന്‍ നല്ല സൊഹം...

കഴിപ്പാനായ്‌ കുഴിപ്പവന്‍...ഞാന്‍

ഇനിയും ആഴത്തിലാണോ എണ്റ്റെ ലക്ഷ്യം..(?)

ജാഗ്രത....ജാഗ്രത..

കിട്ടി അണ്ണാ കിട്ടി..!!!

ഹും...ഏതാ അമ്മച്ചീര പഴയ ബ്ളൌസ്‌...!!

മോഹലക്ഷ്യത്തിനായി കരുതലോടെ........

ഹൂ..ഹൂ...എണ്റ്റെ പരിശ്രമം കൂടുതല്‍ ആഴത്തിലേയ്ക്ക്‌...

കഠിനാധ്വാനത്തിന്‌ വാല്‌ വെച്ച മാതൃക....!!

ഭുര്‍ ര്‍ ര്‍... ആശയാണളിയാ എല്ലാ ദുഖത്തിനും കാരണം...

------------------------------------------------------------
'പട്ടിയുടെ മോഹഭംഗത്തിണ്റ്റെ സ്മാരകം'
ഫോട്ടോ: ആദികിരണ്‍

Friday, January 1, 2010

..കാക്ക..


അതയാളുടെ സ്വപ്നങ്ങളിലൊന്നായിരുന്നു, പൌരാണികമായ ആ നഗരത്തിണ്റ്റെ ഹൃദയത്തില്‍ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തെ കീഴില്‍ നിര്‍ത്തുന്ന ഉയരത്തില്‍ ഒരു ഫ്ളാറ്റ്‌.

കമ്പനി എച്ച്‌. ആര്‍ മാനേജര്‍ പല തവണ അയാളെ ഓര്‍മ്മപ്പെടുത്തിയതാണ്‌ :
" മിസ്റ്റര്‍ ഐസക്ക്‌.. യൂ മസ്റ്റ്‌ സിലക്ട്‌ ഓണ്‍ ഗ്രൌണ്ട്‌ ഫ്ളോര്‍.. ദാറ്റ്‌ വില്‍ ബി കംഫര്‍ട്ടബിള്‍ ഫോര്‍ യു.. "
ഞാന്‍ സ്വപ്നം കാണുന്നത്‌ ഉയരങ്ങളാണ്‌..
മറ്റെല്ലാറ്റിനേയും കാല്‍ക്കീഴില്‍ നിര്‍ത്തുന്ന ഉയരം..

"ഐ ലൈക്ക്‌ ഹൈറ്റ്സ്‌" ഐസക്ക്‌ പതിവ്‌ കുസൃതിച്ചിരിചിരിച്ചു.

ഫ്ളാറ്റില്‍ നിന്നും ഐടി പാര്‍ക്കിലേക്ക്‌ ഐസക്കിണ്റ്റെ എന്‍ഡവറിന്‌ നാല്‍പ്പത്‌ മിനിട്ട്‌ ഓടണം.. അതേ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന സാറയാണ്‌ ഐസക്കിണ്റ്റെ ഭാര്യ. സാറ പുതിയൊരു പ്രോജക്ടിണ്റ്റെ ഇന്‍ഷ്യല്‍ സ്റ്റേജിലാണ്‌. മിക്ക ദിവസവും US ക്ളയിണ്റ്റ്സുമായി കോണ്‍ഫറന്‍സുള്ള കാരണം പോകുന്നതും വരുന്നതും വൈകിയാണ്‌.അതിനാല്‍ സാറ തണ്റ്റെ സാന്‍ഡ്രോയിലാണ്‌ യാത്ര.

'നൌ ഹെ ര്‍ ക്ളോക്ക്‌ ഈസ്‌ US ക്ളോക്ക്‌'
ഓഫീസിലെ പോലെത്തന്നെ അവരുടെ ബഡ്‌ റൂമിലും രണ്ട്‌ ക്ളോക്കുകള്‍ വെച്ചിട്ടുണ്ട്‌.
'വണ്‍ ഫോര്‍ ഇന്‍ഡ്യന്‍ ടൈം ആന്‍ഡ്‌ ദി അദര്‍ വണ്‍ ഫോര്‍ US ടൈം'
ഒന്നില്‍ രാവോടുമ്പോള്‍ മറ്റൊന്നില്‍ പകലോടുന്നു.. !!

ഐസക്കിണ്റ്റെയും സാറയുടേയും മകന്‍ സിവിക്ക്‌ കിഡ്സ്‌ റൂമില്‍ വട്ടത്തില്‍ സൈക്കിള്‍ ചവിട്ടുന്നത്‌ മാത്രമായിരുന്നു ഏക വിനോദം. പാല്‍ക്കുപ്പിയുടെ നിബിള്‍ കടിച്ചുപിടിച്ച്‌ മൂന്നുവയസ്സുകാരന്‍ മൂന്ന്‌ വീലുള്ള സൈക്കിള്‍ അന്തമില്ലാതെ വട്ടത്തില്‍ ചവിട്ടിക്കൊണ്ടിരുന്നു.

കാവലായുള്ള സാറയുടെ അമ്മ സ്നാക്സുമായി എപ്പോഴും ടിവിക്ക്‌ മുന്നിലാവും. അവര്‍ വായതുറക്കുന്നത്‌ സ്നാക്സ്‌ കഴിക്കാനും ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റിയെക്കുറിച്ച്‌ ക്ളാസെടുക്കാനുമാണെന്ന്‌ ഐസക്ക്‌ സാറയോട്‌ പരിഹസിക്കാറുണ്ട്.

മൂന്ന്‌ പെണ്‍ മക്കളുടേയും മരുമക്കളുടേയും മുകളില്‍ മാനസികാധിപത്യത്തിനായി ആ സ്ത്രീ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
എങ്കിലും അതംഗീകരിച്ചുകൊടുത്താല്‍ വല്യ ഉപകാരമാണ്‌.ഇന്‍ഷ്വറന്‍സ്‌,ഫ്ളാറ്റിണ്റ്റെ കാര്യങ്ങള്‍,കുഞ്ഞിണ്റ്റെ കാര്യങ്ങള്‍,വാട്ടര്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍ ഇവയെല്ലാം അവര്‍ മാനേജ്‌ ചെയ്തോളും.

ഐസക്കിന്‌ കമ്പനി വര്‍ക്ക്‌ ടൈം റിലാക്സേഷന്‍ അനുവദിച്ചിട്ടുണ്ട്‌. കൃത്യം ഇന്ന സമയത്ത്‌ കമ്പനിയിലെത്തണമെന്നോ ഇത്ര സമയം വര്‍ക്ക്‌ ചെയ്യണമെന്നോ ഉള്ള നിയന്ത്രണമില്ല..എന്നാല്‍ വര്‍ക്ക്‌ തീര്‍ക്കാനുള്ള ഡെഡ്‌ ലൈന്‍ ഉണ്ട്‌ .
(നിങ്ങള്‍ പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല പണി തീര്‍ക്കണമെന്നത്‌ ഫ്രഷ്‌ ടെക്കീസിണ്റ്റെ ഇടയില്‍ പറഞ്ഞു കേള്‍ക്കുന്ന നര്‍മ്മമണ്‌)

കമ്പനി ലാപ്ടോപ്പ്‌ ടെക്കീസിണ്റ്റെ വീട്ടിലെ സമയവും കൊത്തി വിഴുങ്ങുന്ന പക്ഷിയാണ്‌ . കമ്പനിയിലും വീട്ടിലും ഐസക്കിണ്റ്റെ തലയ്ക്ക്‌ ചൂട്‌ പിടിപ്പിക്കുന്നത്‌ 'ജാവ' * യുടെ ലാവയാണ്‌.തലയ്ക്കുള്ളില്‍ വിരകള്‍ പോലെ ഓടിനടക്കുന്ന പ്രോഗ്രാം സ്റ്റേറ്റ്മെണ്റ്റുകള്‍.. !
ഫോര്‍ ലൂപ്പിലെ * തനിയാവര്‍ത്തന സ്റ്റേറ്റ്മെണ്റ്റ്‌ പോലെ ദിനങ്ങള്‍... !!

അടുത്ത മുറിയില്‍ നിന്നും സിവിണ്റ്റെ സൈക്കിള്‍ ശബ്ദം..
അമ്മായിയമ്മയുടെ ടിവി ശബ്ദം..


മാസം റിലീസ്‌ ചെയ്യേണ്ടുന്ന പ്രോജക്ടാണ്‌.ശ്രീലതയുടെ ഡലിവറിയ്ക്കായുള്ള ലീവില്ലായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പ്‌ തന്നെ തങ്ങളുടെ ടീം ഫിനിഷ്‌ ചെയ്യേണ്ടതാണ്‌. ഇപ്പൊ ശ്രീയുടെ മൊഡ്യൂള്‍ കൂടി തണ്റ്റെ തലയില്‍ വന്ന്‌ പെട്ടിരിക്കുന്നു. മറ്റൊരാളെ കമ്പനി ഓഫര്‍ ചെയ്തതാണ്‌ പക്ഷെ ഈ അവസാനഘട്ടം പുതിയൊരാളെ 'സിസ്റ്റം' പഠിപ്പിച്ചെടുക്കുന്നതിലും ഭേദം താനത്‌ ചെയ്യുന്നതാണെന്ന്‌ ഐസക്ക്‌ ഉറപ്പിച്ചു.

പണി
തുടങ്ങിയപ്പോള്‍ ഐസക്കിന്‌ ബോധ്യപ്പെട്ടു, പുതിയതൊന്ന്‌ ചെയ്യുന്നതിലും ദുഷ്കരമാണ്‌ മറ്റൊരാള്‍ അപൂര്‍ണ്ണമായി നിറുത്തിയ ഒന്നിനെ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നത്‌.
തലച്ചോറ്‌
പവിഴപ്പുറ്റ്‌ പോലെ ദൃഢമായിരിക്കുന്നു.
സിസ്റ്റം
ഹാംഗാവുന്ന പോലെ ഒരവസ്ഥ...
ഇനിയൊന്ന്‌
റീസ്റ്റാര്‍ട്ട്‌ ചെയ്തെടുക്കണം...
അന്നേരം
സാറ ഓണ്‍ലൈന്‍ വന്നു.

SARA : hi..

Me : Hi..sara..

SARA : h r U ? 3

Me : Fine

SARA : civi.?

Me : @ his room 4

SARA : take care him

Freddy came 4 call.

k..

bye..

gud nite

Me : K…bye.. Good night


ലാപ്ടോപ്പ്‌ ഷഡൌണ്‍ ചെയ്ത്‌ ഐസക്ക്‌ മെല്ലെ റൂമില്‍ നിന്നും പുറത്തിറങ്ങി.
സിവി
സൈക്കിള്‍ പമ്പരം കറക്കുന്നു.
ഐസക്ക്‌
കൈനീട്ടി അവനെ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ കുതറിമാറി.
മൂന്ന്‌
വയസ്സായിട്ടും അവന്‍ ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
അനവസരത്തില്‍
അവന്‍ നിലാവ്‌ പോലെ ചിരിക്കും...
ഓമനിക്കുമ്പോള്‍
കരയും... !!
എന്ത്‌
കുട്ടിയാണിവന്‍... ?
ഐസക്കിന്‌
വല്ലാത്ത അരിശം തോന്നി.

ഫ്ളാറ്റിണ്റ്റെ
മട്ടുപ്പാവില്‍ സിവിയേയും കൈയിലെടൂത്ത്‌ ഐസക്ക്‌ നഗരത്തിണ്റ്റെ രാത്രിഭംഗി നോക്കി നിന്നു.താഴെ ഇരുളിണ്റ്റെ പരപ്പില്‍ ഒഴുകി നീങ്ങുന്ന ദീപങ്ങള്‍.കറുപ്പില്‍ ചുവപ്പിണ്റ്റെ പച്ചയുടെ മഞ്ഞയുടെ അടയാളങ്ങള്‍.
ആകാശവും
ചന്ദ്രനും നക്ഷത്രങ്ങളും കണ്ട സന്തോഷത്തില്‍ സിവി അവിടെ വട്ടത്തില്‍ ഓടാന്‍ തുടങ്ങി.

താഴെ
കോണ്ടം നിര്‍മ്മാതാക്കള്‍ സ്പോണ്‍സര്‍ ചെയ്ത പാര്‍ക്ക്‌ സജീവമാണ്‌...
(പാര്‍ക്കില്‍ പ്രണയമുണ്ടാവട്ടെ അന്നേരം അവര്‍ക്കിടയിലേക്ക്‌ അതിഥിയായി കോണ്ടം എത്തിക്കൊള്ളും)

സിവി
സ്വര്‍ഗ്ഗം പതിച്ചുകിട്ടിയ സന്തോഷത്തില്‍ ഓടിക്കൊണ്ടേയിരുന്നു.
ഐസക്ക്‌
അവനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറി ഓട്ടം തുടര്‍ന്നു.
ബലം
പ്രയോഗിച്ചപ്പോള്‍ കരച്ചിലായി...

ഐസക്ക്‌
അവനെ നിലത്തിറക്കാത്ത കാരണം കരച്ചില്‍ അലമുറയായി...
സിവിണ്റ്റെ
ചുണ്ടുകള്‍ ചുവന്ന്‌ തടിച്ച്‌ ഉമിനീര്‌ നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങി.
ഐസക്കിണ്റ്റെ
വാക്കിന്‌ ചെവി കൊടുക്കാതെ അവന്‍ പട്ടിയെപ്പോലെ തൊള്ളതുറന്നു.
ഐസക്കിന്‌
നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം പഴുത്തു.!!
"സ്റ്റുപ്പിഡ്‌ സണ്‍... "
കുട്ടിയുടെ
കരച്ചില്‍ അയാളുടെ തലയ്ക്കുള്ളിലെ വിരയോട്ടത്തിണ്റ്റെ ആവേഗം വര്‍ദ്ധിപ്പിച്ചു...
ഒരു
നിമിഷം അയാളുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ട്‌ കുഞ്ഞിനെ താഴെ ഇരുളിലേയ്ക്കെറിയാന്‍ തന്നെ തോന്നിപ്പോയി.
കരഞ്ഞു
തടിച്ച ചുണ്ടുകള്‍ കൂട്ടി സിവി അവ്യക്തമായി ഉച്ചരിച്ചു... "അ...ശ്‌...ച്ചാ... "

അതുകേട്ട്‌
ഐസക്ക്‌ അവനറിയാത്ത ഒരു ബന്ധത്തിണ്റ്റെ കുരുക്കില്‍ പെട്ടുപോയി.
കുഞ്ഞിനെ
അയാള്‍ വല്ലാണ്ട്‌ ചേര്‍ത്തണച്ച്‌ പിടിച്ചു...അവണ്റ്റെ നെറ്റിയില്‍ സ്വന്തം ഹൃദയത്തിലെന്ന വണ്ണം അയാള്‍ ഉമ്മ വെച്ചു.
സിവി ഹൃദയപൂര്‍വ്വം പുഞ്ചിരിച്ചു...!!
അവന്‍
താഴെ പാര്‍ക്കിലേക്ക്‌ വിരല്‍ ചൂണ്ടി...

"എന്താടാ..മോന്‌ പാര്‍ക്കി പോണോടാ...? മോനെ അച്ഛന്‍ നാളെ കൊണ്ട്വോവാം ട്ടോ... "
സിവി
നിലാവ്‌ പോലെ പുഞ്ചിരിച്ചു...തലയാട്ടി...പതിവില്ലാതെ കൈകള്‍ കൊട്ടിക്കാട്ടി...ഐസക്കിണ്റ്റെ ഇരുകവിളിലും ഉമ്മ വെച്ചു...
അന്നേരം ഐസക്കിണ്റ്റെ കണ്ണുകള്‍ അറിയാണ്ട്‌ നിറഞ്ഞുപോയി.
"ഈശോ..." അയാളുടെ ചുണ്ടും വാക്കുകളും വിറച്ചുപോയിരുന്നു.

പാതിരാത്രി
കഴിഞ്ഞ്‌ സാറയെത്തുമ്പോള്‍ ഐസക്ക്‌ കട്ടിലില്‍ ലാപ്ടോപ്പിന്‌ മുന്നിലെ തപസ്സിലായിരുന്നു.പതിവില്ലാതെ സിവി ഐസക്കിണ്റ്റെ മടിയില്‍ കിടന്നുറങ്ങുന്നു...!!

മുഖവുരകളൊന്നുമില്ലാതെ
ഐസക്ക്‌ പറഞ്ഞു. "നാളെ നമുക്ക്‌ പാര്‍ക്കില്‍ പോണം...വിത്ത്‌ സിവി... " സാറ ആശ്ചര്യത്തോടെ ഐസക്കിനെ നോക്കി.
"ഐ നോ...യു ഹാവ്‌ കോള്‍സ്‌... ബ്ളഡി കോള്‍സ്‌"
"ഐസക്ക്‌...വാട്‌ ഹാപ്പണ്റ്റ്‌.. ?"
"ടെയ്ക്ക്‌ എ മെഡിക്കല്‍ ലീവ്‌"
"ബട്ട്‌ ഹൌ... യു നോ മൈ സിറ്റ്വേഷന്‍"
"ബട്ട്‌ യു ഡോണ്ട്‌ നോ ദി സിറ്റ്വേഷന്‍ ഹിയര്‍... " ഐസക്ക്‌ സ്വയം തിളയ്ക്കുന്നതായി സാറയ്ക്ക്‌ തോന്നി.അയാളുടെ ശബ്ദം ആവശ്യത്തിലേറെ ഉയര്‍ന്നിരുന്നു.അതിനാല്‍ സാറ പിന്നൊന്നും മിണ്ടിയില്ല.


പിറ്റേന്ന്
വെയില്‍ താഴ്ന്ന ശേഷം ഫ്ളാറ്റില്‍ നിന്നും ലിഫ്റ്റില്‍ കയറുമ്പോള്‍ ലിഫ്റ്റ്‌ ഞെട്ടറ്റ്‌ താഴെ വീഴുമോയെന്ന് ഐസക്ക്‌ ഭയന്നു.അമ്മായിയമ്മ അത്രമേല്‍ തടിച്ചിരിക്കുന്നു.

ആദ്യമായി
തുടലഴിച്ചുവിട്ട പട്ടിയെപ്പോലെ ഒരു ലക്ഷ്യവുമില്ലാതെ സിവി പാര്‍ക്കിലൂടെ ഓടി...
അവന്‍
സ്വാതന്ത്രത്തിണ്റ്റെ ആനന്ദം ആഘോഷിക്കുകയാണ്‌‌...
പാര്‍ക്കിലിരിക്കുന്ന
ആള്‍ക്കാര്‍ കൌതുകത്തോടെ സിവിയെ നോക്കുന്നുണ്ട്‌.

ചില്‍റന്‍സ്‌
പാര്‍ക്കിണ്റ്റെ അടച്ചിട്ടിരുന്ന സൈഡ്‌ ഗേറ്റിനടിയിലൂടെ സിവി കയറാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കാരില്‍ പലരും ആശ്ചര്യത്തോടെ ചിരിച്ചു.
അവണ്റ്റെ
ഓട്ടവും വെപ്രാളവും ആള്‍ക്കാര്‍ ആസ്വദിച്ചു...

"ആ കുഞ്ഞ്‌ ആദ്യമായിട്ട്‌ നിലത്തിറങ്ങിയതാ..." ആരോ പറഞ്ഞ്‌ ചിരിച്ചു.
അമ്മായിയമ്മ
തണ്റ്റെ തടിയും വെച്ച്‌ കുഞ്ഞിനെ ചാടിപ്പിടിക്കാന്‍ ശ്രമിച്ചത്‌ ആള്‍ക്കാരില്‍ ചിരി പടര്‍ത്തി.
സാറ
നിസംഗതയോടെ ഒരു കാഴ്ചക്കാരിയായി നിന്നു.
പാര്‍ക്കില്‍
വന്നിരുന്ന് കുറുകിയ പ്രാവിന്‍ കൂട്ടത്തെ കൈചൂണ്ടി വിടര്‍ന്ന ചിരിയോടെ സിവി പറഞ്ഞു... "കാ... ക്ക"
നഷ്ടപ്പെട്ട
ഓര്‍മ്മകളുടെ ലിങ്കിനായി ഐസക്ക്‌ പരതി..
'k'..'a'..'kk'..'a' ..കാക്ക.. ?

---------------------------------------------------------------
1. ഒരു പ്രോഗ്രാമിംഗ്‌ ഭാഷ
2. പ്രോഗ്രാമിംഗില്‍ ഒരു ക്രിയ ആവര്‍ത്തിച്ചു ചെയ്യാന്‍ ഉപയോഗിക്കുന്നു
3. How are you..?
4.
At his room

15 ആഗസ്റ്റ്‌ ലക്കം ദേശാഭിമാനിയില്‍ പ്രസിദ്ധപ്പെടുത്തി..

Wednesday, March 4, 2009

യാത്ര...1

സൂര്യ തേജസ്സിനുനേരെ ആസുരദൃഷ്ടി.. !

നന്ദികേശന്‌ ദന്തധാവണം... !
(തഞ്ചാവൂറ്‍ ബ്രഹദീശ്വരക്ഷേത്രം)

109 ആം കരണം... !!
(ചിദംബരം ക്ഷേത്രകവാടത്തിലെ 108 കരണങ്ങള്‍ക്ക്‌ മുന്നില്‍ ഒരു ഭിക്ഷാംദേഹി)

ആലിലയും താലിയും..(ആലിലത്താലിയല്ല.. !)

ബുദ്ധന്‍മാര്‍ ചിരിക്കുന്നു... !

നവധാന്യ ഗണപതി... !Friday, February 6, 2009

പകലുറക്കം...!!!

ഉര്ങാന്നുന്നീല് ഇങ്ങനെ ഉറങ്ങണം... !!!


'ഠ' പോലെ.. !

ഇത്‌ പൂച്ചപ്പന്ത്‌... !!

തലയെവിടെ മക്കളെ.? വാലെവിടെ മക്കളെ..?? കാലെവിടെ മക്കളെ... ???

ഒന്നുറങ്ങാനും സമ്മതിക്കൂലെ...? ആരെടാ ഇവന്‍.. ???

ഇവനെ പറഞ്ഞിട്ടുകാര്യമില്ല... !!!

നിങ്ങളെണ്റ്റെ സൌന്ദര്യം ഒപ്പാന്‍ തുനിഞ്ഞിറങ്ങിയ സ്ഥിതിക്ക്‌ ഞാന്‍ ചില നമ്പരുകള്‍ കാണിച്ചുതരാം.... ..ദാ പിടിച്ചോ 'ക്യാറ്റ്‌ വാക്ക്‌'.. !!
ഗൌരവത്തില്‍ എനിക്കച്ചുതാനന്ദനെ തോല്‍പ്പിച്ചാല്‍ മതി.. !

ഇത്‌ ഇരുന്നുറക്കം... !!!

അണ്ണണ്റ്റെ സിനിമാപിടിപ്പ്‌ തീര്‍ന്നെങ്കില്‍ എനിക്ക്‌ കിടന്നൊന്നുറങ്ങാമായിരുന്നു... !!!


(ഫോട്ടോ - ആദികിരണ്‍)

Monday, January 5, 2009

വിശപ്പ്...!!!

ഉള്ളത്‌ ഒരുപോലെ പങ്കിടാം..


'കരിയില' ബ്രേക്ക്‌ഫാസ്റ്റ്‌..


സുന്ദരീടെ വയറ്‌ നിറഞ്ഞിഷ്ട്ടാ..


തെരുവില്‍ പിറന്നവന്‌ ചെളി ഭക്ഷണം.. !!

മോണ്റ്റെ ചൊറിയും അമ്മയുടെ വിശപ്പും..

ചക്കപ്പഴത്തിലെ ഈച്ച സമ്മേളനം..

പഹയന്‍ പുഴുവിന്‌ അന്ത്യകൂദാശ..

തേന്‍ പര്യവേഷണം..

ചിലന്തിയും ശലഭവും.. (വേട്ടക്കാരനും ഇരയും)

ഉള്ളതു കൊണ്ട്‌ ഓണം പോലെ


പട്ടിണിയില്ലാത്ത പുതുവര്‍ഷം നമുക്ക് പ്രതീക്ഷിക്കാം.... (ഫോട്ടോ-ആദികിരണ്‍)
Tuesday, November 25, 2008

വിശുദ്ധഗ്രന്ഥത്തിനുള്ളിലെ ഗന്ധങ്ങള്‍


സൂസന്നയ്ക്ക്‌ വിശുദ്ധഗ്രന്ഥം ഓര്‍മ്മയിലേക്കുള്ള വഴിയും, ഓര്‍മ്മകള്‍ അവള്‍ക്ക്‌ ഹൃദയത്തിലെ മുറിവുകളില്‍ കണ്ണീരിണ്റ്റെ നീറ്റലുമായിരുന്നു.

കര്‍ത്താവിണ്റ്റെ അനുസരണയുള്ള വിശ്വാസിയായിരുന്ന സൂസന്ന നിത്യവും ക്രൂശിത രൂപത്തിനു മുന്നില്‍ വാഴപ്പിണ്ടി കണക്ക്‌ മുഴുത്ത മെഴുകുതിരി കത്തിച്ചു വെച്ച്‌ പ്രാര്‍ത്ഥിക്കും.

"കര്‍ത്താവെ...അമ്മച്ചിയ്‌ര മരണത്തിനെന്നെ സാക്ഷിയാക്കാതെ തൊട്ടുമുമ്പെ എന്നെ അങ്ങ്‌ വിളിക്കേണമേ... "
തണുത്ത ഇരുട്ടിന്‌ മരണത്തിണ്റ്റെ ഗന്ധമാണെന്ന്‌ ആനന്ദ്‌ പണ്ട്‌ പറഞ്ഞിരുന്നു.ഉരുകുന്ന മെഴുകിന്‌ ഉരുകുന്ന മനസ്സിണ്റ്റെ ഗന്ധവും.. !

തണുത്ത ഇരുളടഞ്ഞ മുറിയിലെ മരണത്തിണ്റ്റെ ഗന്ധത്തിനു മേല്‍ ഉരുകുന്ന മനസ്സിണ്റ്റെ ചെറുചൂടുള്ള ഗന്ധം നിറഞ്ഞു തുടങ്ങിയപ്പോള്‍ നക്ഷത്ര ഓട്ടകള്‍ വീണ കറുത്ത ആകാശം കണക്ക്‌ ദ്രവിച്ച പുല്‍പ്പായ മേല്‍ നരച്ച ചെമപ്പു പുറംചട്ടയുള്ള വിശുദ്ധഗ്രന്ഥവുമായി സൂസന്ന ഇരുന്നു.


വെളുത്തുരുണ്ട മെഴുകുതിരി പിസാഗോപുരം കണക്ക്‌ അല്‌പം ചരിഞ്ഞു നിന്ന്‌ ജ്വലിച്ചു.

സൂസന്നയുടെ വിശുദ്ധഗ്രന്ഥം തലമുറകളിലേക്കുള്ള വഴിയായിരുന്നു.അത്‌ തലമുറകളുടെ ഗന്ധം വഹിച്ചിരുന്നു.തലമുറകള്‍ വിശുദ്ധഗ്രന്ഥത്തിണ്റ്റെ വിശുദ്ധി ഹൃദയത്തില്‍ പകര്‍ത്തിയപ്പോള്‍ വിശുദ്ധഗ്രന്ഥം അവരുടെ ഗന്ധങ്ങള്‍ താളുകള്‍ക്കിടയിലേക്ക്‌ ഏറ്റുവാങ്ങി.

പുറങ്ങളില്‍ മഞ്ഞനിറം പടര്‍ന്ന വിശുദ്ധഗ്രന്ഥം സൂസന്നയുടെ അപ്പച്ചന്‍ പൌലോസിന്‌ തണ്റ്റെ സ്വത്തായി മാറിയത്‌ പൌലോസിണ്റ്റെ തന്ത യോഹന്നാണ്റ്റെ മരണശേഷമായിരുന്നു. അന്നേരം, അധ്വാനിയായിരുന്ന യോഹന്നാണ്റ്റെ വിയര്‍പ്പിണ്റ്റെ നാറ്റവും മറിയയുടെ കണ്ണീരിണ്റ്റെ ഗന്ധവും വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ക്കിടയിലേക്ക്‌ കയറിക്കൂടിയിരുന്നു.

വല്യപ്പച്ചനേം വല്യമ്മച്ചിയേയും ചുമരില്‍ തൂങ്ങുന്ന ചിത്രങ്ങളില്‍ കണ്ടുള്ള അറിവു മാത്രമേ സൂസന്നക്കുണ്ടായിരുന്നുള്ളു. അരിവേകാന്‍ വൈകിയാലും ആധികേറി വല്യമ്മച്ചി കരഞ്ഞിരുന്നു.എന്തിനും ഏതിനും കരഞ്ഞിരുന്ന വല്യമ്മച്ചിയുടെ കണ്ണീരിന്‌ ചൂടില്ലായിര്‍ന്നന്ന്‌ കണ്ടുപിടിച്ചത്‌ പവിലപ്പച്ചനായിരുന്നു.പണികഴിഞ്ഞ്‌ വരാന്‍ വല്യപ്പച്ചന്‍ താമസിച്ചാല്‍ വല്യമ്മച്ചി കരച്ചില്‌ തൊടങ്ങും.കുഞ്ഞായിരുന്ന പവിലപ്പച്ചന്‍ മടിയില്‍ കെടന്ന്‌ വല്യമ്മച്ചിയുടെ കണ്ണീരിണ്റ്റെ തണുപ്പറിഞ്ഞിരുന്നു.
സൂസന്നയ്ക്കിത്‌ പൌലോസില്‍ നിന്നും കിട്ടിയ അറിവാണ്‌.

മറിയയുടെ ചൂടുള്ള കണ്ണീര്‌ താങ്ങാന്‍ കഴിയാത്തതു കൊണ്ടാവും കര്‍ത്താവ്‌ യോഹന്നാന്‌ മുമ്പെ മറിയയെ അങ്ങ്‌ വിളിച്ചത്‌.

പവിലപ്പച്ചന്‍ ദിവസോം വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ മറിച്ച്‌ അതിനിടയില്‍ നിന്ന്‌ വല്യപ്പച്ചണ്റ്റേം വല്യമ്മച്ചിയ്‌രേം മണം പിടിച്ച്‌ അവരെക്കുറിച്ചോര്‍ത്തിരുന്നു.

പൌലോസിണ്റ്റെ മരണശേഷം അയാളുടെ പഴുത്ത വ്രണങ്ങളിലെ രക്തത്തിണ്റ്റെയും പഴുപ്പിണ്റ്റെയും നാറ്റം കൂടി വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ക്കിടയിലേക്ക്‌ കയറിക്കൂടി.

സൂസന്നയ്ക്ക്‌ അപരിചിതമായ പല ഗന്ധങ്ങളും വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ക്കിടയിലുണ്ടായിരുന്നു. സൂസന്ന വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ ഓരോന്നായി മറിച്ചു.വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ മുന്നില്‍ നിന്ന്‌ പിന്നിലേക്ക്‌ മറിയ്ക്കുമ്പോള്‍ അവളുടെ ഓര്‍മ്മപുസ്തകത്തിണ്റ്റെ താളുകള്‍ പിന്നില്‍ നിന്നും മുന്നിലേക്ക്‌ മറിയും.ഓര്‍മ്മകളിലൂടെയുള്ള യാത്രാമധ്യെ പതിവുപോലെ വര്‍ത്തമാനത്തിണ്റ്റെ ഭീതിയിലേക്ക്‌ അവളെ ഉണര്‍ത്തിയിട്ടത്‌ അമ്മച്ചിയുടെ കഫം കെട്ടിയ തൊണ്ടയനക്കിയുള്ള കാറലായിരുന്നു.

അമ്മച്ചിക്ക്‌ മരുന്ന്‌ കൊടുക്കേണ്ട സമയമായിരിക്കുന്നു.കീ കൊടുത്ത ടൈം പീസു കണക്ക്‌ മരുന്നു കുടിക്കേണ്ട സമയമാകുമ്പോള്‍ കൃത്യമായി അമ്മച്ചി തൊണ്ടയനക്കി കാറും.

കര്‍ത്താവിനോട്‌ ക്ഷമചോദിച്ച്‌ അവള്‍ എഴുന്നേറ്റു.

മരണത്തിണ്റ്റെ ഗന്ധവും നിറവുമുള്ള മരുന്നാണ്‌ അമ്മച്ചിക്ക്‌ കൊടുക്കുന്നത്‌.മരുന്ന്‌ ഉള്ളിലേക്ക്‌ ചെന്നപ്പോള്‍ കശര്‍പ്പുകാരണം അമ്മച്ചി പതിവുപോലെ തേട്ടി.സൂസന്ന അമ്മച്ചിയുടെ ഉണങ്ങിയ നെഞ്ച്‌ പതിയെ തടവിക്കൊടുത്തു.നെഞ്ചിനുള്ളില്‍ കോഴിക്കുഞ്ഞിണ്റ്റെ പിടപ്പ്‌ അടയിരിപ്പുണ്ടായിരുന്നു.അമ്മച്ചിയുടെ വലത്തേകണ്ണ്‌ ചെമന്ന്‌ കണ്ണീര്‍ നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങി.സൂസന്നയുടെ കൈത്തണ്ടിലേക്ക്‌ വീണ കണ്ണീര്‍ത്തുള്ളികള്‍ക്ക്‌ ഏറെ ചൂടുണ്ടായിരുന്നു.

സെറീനയുടെ ചുളിഞ്ഞ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‌ തുടയ്ക്കുന്നേരം സൂസന്നയുടെ മൂക്ക്‌ അസ്വസ്ഥയോടെ ചുരുണ്ടു ചുളിഞ്ഞു.

അമ്മച്ചിയ്‌ടെ ദേഹത്തെ വളിച്ച കഞ്ഞീടേതു കണക്കുള്ള നാറ്റം കൂടിയിരിക്കുന്നു!!

ഹിസോപ്പു ചെടിത്തണ്ടിലെ വിനാഗിരിത്തുള്ളികള്‍ നുകര്‍ന്ന്‌ ആത്മാവ്‌ സമര്‍പ്പിച്ചു നില്‍ക്കുന്ന കര്‍ത്താവിണ്റ്റെ തിരുമുറിവുകളിലെ ഉണങ്ങിയ രക്തക്കറകളില്‍ സൂസന്ന കണ്ണെടുക്കാതെ നോക്കി.

ചുറ്റുമുള്ള ദൃശ്യങ്ങള്‍ മാഞ്ഞ്‌ കാഴ്ചയില്‍ മഞ്ഞവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ക്രൂശിതരൂപം മാത്രം സൂസന്നയില്‍ നിറഞ്ഞു.ക്രൂശിതരൂപം വേദനയോടെ മെല്ലെ ചിരിച്ചു.ഇരുമ്പാണികളുടെ ബന്ധനത്തില്‍കിടന്ന്‌ അസ്വസ്ഥമായി പിടഞ്ഞു.രക്തമുണങ്ങിയ തിരുമുറിവുകള്‍ കീറി രക്തം പൊടിഞ്ഞു.അല്‌പ സമയത്തിനുള്ളില്‍ അത്‌ രക്തത്തിണ്റ്റെ പ്രളയമായി വളര്‍ന്നു.സൂസന്ന വേദനയോടെ ശ്വാസമടക്കി.ഞെട്ടറ്റമാങ്ങ കണക്ക്‌ കുരിശിണ്റ്റെ നീളമേറിയ ഇരുമ്പാണികളുടെ ബന്ധനത്തില്‍ നിന്ന്‌ മുറിവുകളറ്റ്‌ താഴേക്ക്‌...

ചന്തിയിടിച്ച്‌ വീണത്‌ അപ്പച്ചണ്റ്റെ കട്ടിലിണ്റ്റെ മേലേക്ക്‌...

സൂസന്ന ശ്വാസമുള്ളിലേക്കെടുത്ത്‌ സൂക്ഷിച്ചു നോക്കിയപ്പോള്‍ കട്ടിലില്‍ കിടന്ന്‌ പിടയുന്നത്‌ കര്‍ത്താവല്ല.

അപ്പച്ചന്‍...പവിലപ്പച്ചന്‍... !!!

പവിലപ്പച്ചണ്റ്റെ പഴുത്ത വ്രണങ്ങളുടെ നാറ്റത്തെക്കുറിച്ചുള്ള ഓര്‍മ്മയില്‍ സൂസന്നയുടെ മൂക്ക്‌ വീണ്ടും അസ്വസ്ഥമായി.

ഡറ്റോള്‌ നനച്ച തുണി വെച്ച്‌ ദേഹം തുടച്ചെടുക്കുമ്പോള്‍ ആദ്യമൊക്കെ ചൂടേറ്റ കൃമിയെക്കണക്ക്‌ അപ്പച്ചന്‍ പിടച്ച്‌ നിലവിളിച്ചിരുന്നു.പിന്നെപ്പിന്നെ ഷീറ്റിന്‍മേല്‍ മുറുകെപിടിച്ച്‌ പല്ലുകള്‍ കടിച്ചിറുമ്മി വേദന അമര്‍ത്തി അങ്ങനങ്ങ്‌ കിടക്കും.

നാളുകള്‍ കഴിഞ്ഞപ്പോള്‍ അപ്പച്ചണ്റ്റെ മുഖത്ത്‌ സഹനത്തിണ്റ്റെ കറുപ്പു നിറം പടര്‍ന്നു.അതിനുമേല്‍ അപ്പച്ചന്‍ വിളറിയൊരു ചിരി വളര്‍ത്തിയെടുത്തു.

എങ്കിലും നീരൊലിക്കുന്ന വ്രണങ്ങളില്‍ ഡറ്റോള്‌ നനച്ച തുണി വെച്ച്‌ തുടക്കുമ്പോള്‍ അപ്പച്ചണ്റ്റെ ഇടത്തേ കണ്ണില്‍ നിന്നും തിളച്ച വെള്ളത്തെക്കാള്‍ ചൂടുള്ള കണ്ണീര്‌ ഒലിച്ചിറങ്ങിയിരുന്നു.

നീരൊലിക്കുന്ന പഴുത്ത വ്രണങ്ങള്‍ തുടയ്ക്കുന്നേരം വ്രണങ്ങളില്‍ ചുട്ടു പഴുപ്പിച്ച സൂചി കുത്തുന്ന വേദന സൂസന്നയുടെ നെഞ്ചിനുള്ളില്‍ അനുഭവപ്പെട്ടിരുന്നു.

സൂസന്ന മരണത്തിണ്റ്റെ മണമുള്ള ഈറന്‍ രാവുകളുടെ ശൂന്യതയിലിരുന്ന്‌ ശബ്ദമടക്കി കരഞ്ഞു.

ഉണക്കത്തേങ്ങ ചിരണ്ടിയിട്ട്‌ ചൂട്‌ വെള്ളം കൂടുതലൊഴിച്ച കഞ്ഞിയാണ്‌ വയ്യാണ്ടായശേഷം രാത്രി പവിലപ്പച്ചന്‌ കൊടുക്കാറ്‌.എരിവ്‌ കുറഞ്ഞ മാങ്ങാച്ചമ്മന്തി പോലും പാടില്ല.

സൂസന്ന അപ്പച്ചന്‌ കഞ്ഞി കൊടുക്കുന്നേരം അമ്മച്ചി കട്ടിലിണ്റ്റെ കാല്‍ക്കല്‍ തണ്റ്റെ സ്വത്തായ ഡ്രങ്കുപ്പെട്ടിയുടെ മുകളിലിരുന്ന്‌ അപ്പച്ചന്‌ രാത്രി ഉറങ്ങും മുന്‍പ്‌ വിഴുങ്ങേണ്ട ഗുളികകള്‍ എണ്ണിപ്പറക്കും. പതിവുപോലെ ഒരു ദിവസം സ്പൂണില്‍ കോരിയ കഞ്ഞി വായിലേയ്ക്കൊഴിച്ച്‌ കൊടുക്കുമ്പോള്‍ അപ്പച്ചന്‍ കൈയും കാലും തനിക്ക്‌ വേണ്ടെന്ന വിധത്തില്‍ വലിച്ചെറിഞ്ഞു.കട്ടിലിണ്റ്റെ കാല്‍ക്കലിരുന്ന്‌ ഗുളികകള്‍ എണ്ണിപ്പറക്കുകയായിരുന്ന അമ്മച്ചി ചവിട്ടേറ്റ്‌ ഡ്രങ്കുപെട്ടിയുടെ മുകളില്‍ നിന്നും മൂക്കിടിച്ച്‌ നിലത്തു വീണു. തട്ടിത്തൂവിയ കഞ്ഞി സൂസന്നയുടെ കോട്ടണ്‍ പാവാടയിലൂടെ വേഗത്തില്‍ ഊര്‍ന്നിറങ്ങി തുടകളില്‍ ചൂടുള്ള നനവ്‌ നല്‍കി.നിലത്ത്‌ മൂക്കിടിച്ചു വീണ അമ്മച്ചി പവിലപ്പച്ചനോട്‌ ശുണ്‌ഠിയെടുത്തു.

"നിങ്ങളിതെന്തര്‌ പെടപ്പാണ്‌ കെടന്ന്‌ പെടയ്ക്കണ.. ?"

രക്തത്തിണ്റ്റേം പഴുപ്പിണ്റ്റേം നനവും നാറ്റവുമുള്ള വ്രണങ്ങളില്‍ ഉണ്ടക്കണ്ണുള്ള മുഴുത്ത ഈച്ചകളരിക്കാന്‍ തുടങ്ങിയിരുന്നു.

അമ്മച്ചി തണ്റ്റെ സ്വത്തായ ഡ്രങ്കുപെട്ടിയ്ക്കുള്ളില്‍ നിന്നും അപ്പച്ചണ്റ്റെ ചിരി കണക്ക്‌ വിളറിയ നിറമുള്ള കൊതുകുവല കട്ടിലിനു മുകളില്‍ കെട്ടിത്തൂക്കാനായി പുറത്തെടുത്തു.

ആ കൊതുകുവല സെറീനയുടെ അമ്മച്ചി മേരി, കൊതുകുകടി കൊള്ളാതെ പുള്ളേര്‌ കിടന്നുറങ്ങുന്നതിനായി സമ്മാനിച്ചതായിരുന്നു.പുള്ളേര്‍ കൊതുകുവലയും കട്ടിലും കൂടിത്തീര്‍ത്ത ചതുരപ്പെട്ടിക്കുള്ളില്‍ കൊതുകുകടി കൊള്ളാതെ കിടന്ന്‌ ജീവിതമാഘോഷിച്ചു.സെറീനയുടേയും പൌലോസിണ്റ്റേയും തുടുത്ത ചന്തികളിലെ രക്തത്തെ ഓര്‍ത്ത്‌ കൊതിവിട്ട്‌ കൊതുകുകള്‍ വലയ്ക്ക്‌ പുറത്ത്‌ തപസിരുന്നു.

സൂസന്നയ്ക്ക്‌ ഒരു വയസ്സായപ്പോഴാണ്‌ പൌലോസിന്‌ ഒരു പിരി സ്വല്‌പം ലൂസായത്‌.പാതിരാത്രി കഴിയുമ്പോള്‍ പൌലോസ്‌ വലക്കുള്ളില്‍ നിന്നും നുഴഞ്ഞിറങ്ങി ലൈറ്റിടും.കൊതുകുവലക്കുള്ളിലേക്ക്‌ കണ്ണുംനട്ട്‌ തപസിരിക്കുന്ന കൊതുകുപരിവ്രാജകരെ പൌലോസ്‌ അടിച്ച്‌ കൊന്ന്‌ കൈയിലെ രക്തക്കറ വെള്ളച്ചുമരില്‍ തേച്ചു വെയ്ക്കും.സെറീനയ്ക്കിത്‌ കാണുമ്പോള്‍ മനം പുരട്ടും.അവള്‍ വ ന്‍ കുടല്‌ സഹിതം പുറത്തു വരത്തക്കവണ്ണം കൊലയ്ക്കും.അന്നേരം പൌലോസ്‌ ഓടിപ്പോയി അവളുടെ മുതുകില്‍ മെല്ലെ തടവിക്കൊടുക്കും. സെറീനയുടേയും തണ്റ്റെയും സ്വകാര്യതയിലേക്ക്‌ നാണമില്ലാതെ കണ്ണ്‌ നട്ടിരിക്കുന്ന കൊതുകുകളുടെ ചങ്കൂറ്റമാണ്‌ പൌലോസിനെ പാതിരാത്രികളില്‍ ക്ഷുഭിതനാക്കിയിരുന്നത്‌.

പൌലോസിനെക്കൊണ്ട്‌ പൊറുതിമുട്ടിയ സെറീന കൊതുകുവല വലിച്ചുപറിച്ച്‌ അവളുടെ ഡ്രങ്കുപ്പെട്ടിയ്ക്കുള്ളില്‍ കൊണ്ടു വെച്ചു.

അപ്പച്ചണ്റ്റെ തിളച്ച വെള്ളത്തിണ്റ്റെ ചൂടുള്ള കണ്ണീര്‌ അപ്പച്ചണ്റ്റെ പെങ്ങള്‍ കത്രീനാമ്മയോ അവരുടെ കെട്ടിയോന്‍ ജോസഫോ കണ്ടിരുന്നില്ല.അവര്‍ കൈത്തണ്ടയിലും കാലിന്‍ മേലുമുള്ള പഴുത്ത ശീമച്ചെറി കണക്കുള്ള വ്രണങ്ങളില്‍ മുത്തം വെച്ചു കൊണ്ടിരുന്നു.അവ തിരുമുറിവുകളാണെന്നും അപ്പച്ചന്‍ ദൈവപുത്രനാണെന്നും കണ്ടെത്തിയത്‌ കത്രീനയായിരുന്നു.

ദൈവപുത്രനായ പൌലോസിണ്റ്റെ ബന്ധങ്ങള്‍ സത്യമല്ലെന്ന്‌ സ്ഥാപിയ്ക്കാന്‍ നാട്ടുകാര്‍ പുതിയ കഥകള്‍ നെയ്തുണ്ടാക്കി.

സെറീനയെ പൌലോസ്‌ തണ്റ്റെ മോളെന്ന പോലെയാണ്‌ സ്നേഹിക്കുന്നതെന്നത്‌.സൂസന്ന സെറീനയുടെ ഏതോ രഹസ്യക്കാരണ്റ്റെ സന്താനമാണ്‌...പക്ഷെ വിശുദ്ധനായ പൌലോസ്‌ സൂസന്നയ്ക്ക്‌ തണ്റ്റെ മകളുടെ സ്ഥാനം നല്‍കി സ്നേഹിച്ചു. !!

കര്‍ത്താവിണ്റ്റെ അനുസരണയുള്ള വിശ്വാസിയായ സൂസന്ന അപ്പച്ചന്‌ മരണത്തിലൂടെ ആശ്വാസമേകിയ കര്‍ത്താവിന്‌ നന്ദി പറയുകയും അപവാദങ്ങള്‍ പടച്ച നാട്ടുകാര്‍ക്ക്‌ മാപ്പിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അമ്മച്ചി കിടപ്പിലായ ശേഷം തുരുമ്പെടുത്ത്‌ ഓട്ടവീണ ഡ്രങ്കുപെട്ടിക്കുള്ളില്‍ ചുണ്ടെലികള്‍ പൊറുതിയായി.സൂസന്ന ഇക്കാര്യം കണ്ടെത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു.അമ്മച്ചിയുടെ ആക്രിസ്വത്തുക്കള്‍ ചുണ്ടെലികള്‍ ഏറെക്കുറെ കരണ്ട്‌ തിന്നിരുന്നു.പെട്ടിയ്ക്കുള്ളില്‍ എലി മൂത്രത്തിണ്റ്റെ തീഷ്ണഗന്ധം നിറഞ്ഞിരുന്നു.എലിമൂത്രത്തിണ്റ്റെ നാറ്റം നിറഞ്ഞ ആക്രിസ്വത്തുക്കള്‍ സൂസന്ന കൂട്ടിയിട്ട്‌ തീയിട്ടു.ഡ്രങ്കുപെട്ടി തകരവും കുപ്പിയും പെറുക്കുന്ന ആക്രിക്കരന്‌ തൂക്കിവിറ്റു.സൂസന്നയുടെ വിശുദ്ധഗ്രന്ഥത്തിലെ ഉത്തമഗീതത്തിന്‌ കരിന്തിരിയുടെ ഗന്ധമായിരുന്നു.പതിവുപോലെ ഉത്തമഗീതം വായിക്കുന്നേരം സൂസന്നയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവുകള്‍ നീറിത്തുടങ്ങി.

"നിണ്റ്റെ അധരം എന്നെ ചുംബനം കൊണ്ട്‌ പൊതിയട്ടെ
നിണ്റ്റെ പ്രേമം വീഞ്ഞിലും മധുരതരം "

ഉത്തമഗീതത്തിണ്റ്റെ അഞ്ചാമധ്യായം പത്തുമുതലുള്ള വാക്യങ്ങള്‍ ചെമപ്പു മഷിവെച്ച്‌ സൂസന്ന അടിയില്‍ വരച്ചിരുന്നു.സൂസന്നയുടെ ചോര വീണ്‌ ചെമപ്പുമഷി ചോരകണക്ക്‌ അവളുടെ പ്രിയവാക്യങ്ങളികെ പടര്‍ന്നു കിടന്നു.

"എണ്റ്റെ പ്രിയന്‍ അരുണനെപ്പോലെ തേജസുറ്റവന്‍,
പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍,
അവണ്റ്റെ ശിരസ്സ്‌ തനിത്തങ്കമാണ്‌.
അവണ്റ്റെ മൊഴികള്‍ അതിമധുരമാണ്‌
എല്ലാം കൊണ്ടും അഭികാമ്യനാണ്‌ അവന്‍.
ജറുസലെം പുത്രിമാരെ,
ഇതാണെണ്റ്റെ പ്രിയന്‍,
ഇതാണെണ്റ്റെ തോഴന്‍"

ചോര പൊടിഞ്ഞ ഹൃദയത്തിലെ മുറിവുകളില്‍ ചൂടുള്ള കണ്ണീര്‌ വീണ്‌ സൂസന്ന പിടഞ്ഞു.അസഹ്യമായ വേദനയോടെ സൂസന്ന ആനന്ദിനെ ഓര്‍ത്ത്‌ ഇടംനെഞ്ച്‌ തടവി.ചുടുകണ്ണീരില്‍ നേര്‍പ്പിച്ച രക്തത്തിണ്റ്റെ ഗന്ധം അവിടെയാകെ നിറഞ്ഞു.

വിശുദ്ധഗ്രന്ഥത്തിണ്റ്റെ താളുകള്‍ക്കിടയില്‍ ചുടുകണ്ണീരാല്‍ നേര്‍ത്ത രക്തത്തിണ്റ്റെ ഗന്ധമായിട്ടാവും സൂസന്നയെ രേഖപ്പെടുത്തുക.

ജനാലയുടെ മരപ്പാളികള്‍ തള്ളിത്തുറന്ന്‌ നരച്ച രാവില്‍ ദൂരെ ചന്ദ്രനെ മുത്തി നില്‍ക്കുന്ന കാളിക്കുന്നിണ്റ്റെ നെറുകയിലേയ്ക്ക്‌ നോക്കി സൂസന്ന മണം പിടിച്ചു.

തണുത്ത കാറ്റിന്‌ വിടര്‍ന്നുതുടങ്ങുന്ന നിശാഗന്ധിയുടെ നേര്‍ത്ത ഗന്ധം.

കാളിക്കുന്നിലെ വരണ്ട കാറ്റിന്‌ കരിന്തിരിയുടെ ഗന്ധമാണെന്നാണ്‌ ആനന്ദ്‌ പറയാറ്‌.

ആനന്ദ്‌ കാളിക്കുന്നില്‍ വെച്ച്‌ സൂസന്നയ്ക്ക്‌ സമ്മാനിച്ച ചെമ്പുകമ്പിയില്‍ കറുത്ത മുത്തുകള്‍ കോര്‍ത്ത മാലയില്‍ സൂസന്ന കോര്‍ത്തിട്ട കുരിശ്‌ അവളുടെ ഹൃദയഭാഗത്തിന്‌ സങ്കലനചിഹ്നത്തിണ്റ്റെ ആകൃതിയില്‍ തണുപ്പേകിക്കിടന്നു.

കാളിക്കുന്നില്‍ വെച്ച്‌ മാലസമ്മാനിച്ച ശേഷം ആനന്ദ്‌ പറഞ്ഞു:

"അമ്മയുടെ മാലയാണ്‌...കൂട്ടുകമ്പിയിലാകെ ക്ളാവായിരുന്നു...കഴുകിയെടുത്തു. "

"അപ്പൊ....അമ്മയുടെ മണം കഴുകിക്കളഞ്ഞു. "

സൂസന്നയുടെ വാക്കുകള്‍ക്കു മുന്‍പില്‍ ആനന്ദ്‌ വിളറിനിന്നു.

സൂസന്ന മാല കഴുത്തിലേയ്ക്കിട്ട ശേഷം ആനന്ദിണ്റ്റെ മെലിഞ്ഞ കൈകള്‍ പിടിച്ച്‌ അവളുടെ ഹൃദയഭാഗത്തമര്‍ത്തി.രക്തത്തില്‍ കുളിച്ച അസ്തമയ സൂര്യന്‍ സാക്ഷിയായി അവരുടെ മധ്യത്ത്‌ നിന്നു. സൂസന്നയുടെ ഹൃദയമിടിപ്പുകള്‍ ആനന്ദ്‌ തണ്റ്റെ കൈകളിലൂടെ കേട്ടു.സൂസന്നയുടെ ഹൃദയമിടിപ്പുകള്‍ ആനന്ദിണ്റ്റെ നാഡികളിലൂടെ നീന്തിച്ചെന്ന്‌ അയാളുടെ ഹൃദയത്തെ നിയന്ത്രിച്ചു.

പ്രക്ഷുപ്തമായ ആനന്ദിണ്റ്റെ ഹൃദയം ആത്മീയമായ നിറവോടെ ശാന്തമായി മിടിയ്ക്കാന്‍ ആരംഭിച്ചു.സൂസന്നയുടേയും ആനന്ദിണ്റ്റേയും ഹൃദയമിടിപ്പുകള്‍ ഒരേ താളത്തിലായിക്കഴിഞ്ഞിരുന്നു.

********************************************************

ആര്‍ട്ടിസ്റ്റ്‌ വൈശാഖന്‍ ഈ രാത്രി ഉറങ്ങില്ല.വെളുക്കുവോളം കുടിക്കാനുള്ള പട്ട അയാള്‍ കരുതിയിരുന്നു.അയാളുടെ വിയര്‍പ്പിന്‌ പട്ടയിലവിച്ച മാംസത്തിണ്റ്റെ ഗന്ധവും ഏമ്പക്കത്തിന്‌ പാതി ദഹിച്ച പട്ടയുടെ നാറ്റവുമായിരുന്നു.

ഒരു വര്‍ഷം മുന്‍പത്തെ ആ ദിവസത്തെ അയാള്‍ വെളുക്കുവോളം ശപിക്കും.കലണ്ടറിലും ചെമപ്പായി രേഖപ്പെടുത്തിയിരുന്ന ആ ദിവസത്തിണ്റ്റെ മുഖം വിശിഷ്ഠമായ പളുങ്കുപാത്രം കൈയില്‍ നിന്നും വീണുടഞ്ഞ കുട്ടിയുടേതു കണക്ക്‌ വിളറിയിരുന്നു.

വൈശാഖന്‍ തണ്റ്റെ പഴയൊരു പെയിണ്റ്റിംഗ്‌ ഡ്രായിയിംഗ്‌ ബോര്‍ഡില്‍ ക്ളിപ്പ്‌ ചെയ്തു.


പഴയ രചനകളുടെ കലാപരമായ അതൃപ്തികളിലേയ്ക്ക്‌ മടങ്ങുന്ന പതിവ്‌ വൈശാഖനില്ല.വൈശാഖന്‍ ചിന്ത കൊണ്ടല്ലാതെ ഹൃദയം കൊണ്ടാദ്യമായി വരച്ച ആ പെയിണ്റ്റിംഗിന്‌ വല്ലാത്തൊരു ദിവ്യത്വമുണ്ടായിരുന്നു.

ഒരു കുന്നിണ്റ്റെ ചെരുവില്‍ ആല്‍മരത്തിണ്റ്റെ ചോട്ടിലായി ചുരുണ്ടചെമ്പന്‍ മുടികളും മുഖത്ത്‌ ശ്മശ്രുക്കളുമുള്ള ഒരു യുവാവ്‌ നില്‍ക്കുന്നു.അരുകില്‍ വെളുത്ത വസ്ത്രം ധരിച്ച മാലാഖയെപ്പോലൊരു യുവതി.യുവാവിണ്റ്റെ മുഖത്ത്‌ ജീവിതത്തിണ്റ്റെ മുഴുവന്‍ കശര്‍പ്പുമുണ്ട്‌.യുവാവിണ്റ്റെ നിറം മങ്ങിയ ജുബ്ബ ആവശ്യത്തിലേറെ നീണ്ടതും പാണ്റ്റ്‌സ്‌ ഇറുകിയതുമാണ്‌.സന്ധ്യാകാശം ചിത്രത്തിന്‌ പശ്ചാത്തലം.അസ്തമയ സൂര്യന്‍ യുവാവിണ്റ്റെയും യുവതിയുടെയും മധ്യത്തില്‍ ചോരപ്പൊട്ട്‌ കണക്ക്‌ തിളങ്ങി നില്‍ക്കുന്നു.
ചിത്രത്തിലെ യുവാവ്‌ വൈശാഖണ്റ്റെ ദോസ്ത്‌ ആനന്ദാണ്‌.അരുകില്‍ നില്‍ക്കുന്ന മാലാഖ അവനെ സ്നേഹിച്ച നസ്രാണിപ്പെങ്കൊച്ച്‌ സൂസന്ന.

ആനന്ദിനെക്കുറിച്ച്‌ പറയണമെങ്കില്‍ വൈശാഖന്‌ പട്ട വേണം. മൂക്കു മുട്ടെ കുടിച്ച ശേഷം അവന്‍ പറയും:
"കഴുവേറി...അവനിവിടെ ജീവിക്കാന്‍ പറ്റിയൊരു ജന്തുവായിരുന്നില്ല. "

കല്ലാറിണ്റ്റെ ചതിക്കുഴികളിലെവിടെയോ കുടുങ്ങിക്കിടന്ന ആനന്ദിണ്റ്റെ തോള്‍സഞ്ചി ആനന്ദിന്‌ ശേഷമായിരുന്നു പൊന്തിവന്നത്‌.അതിനുള്ളില്‍ സൂസന്ന ആനന്ദിന്‌ സമ്മാനിച്ച പഴക്കമില്ലാത്ത ഒരു വിശുദ്ധഗ്രന്ഥവുമുണ്ടായിരുന്നു.കുതിര്‍ന്ന്‌ മണലുപറ്റിയ വിശുദ്ധഗ്രന്ഥം ഉണങ്ങിയപ്പോള്‍ സൂസന്നയുടെ വല്യപ്പച്ചണ്റ്റെ ബൈബിളിനേക്കാള്‍ പഴക്കം തോന്നിച്ചു.

വിശുദ്ധഗ്രന്ഥത്തില്‍ ഇയ്യോബിണ്റ്റെ താളുകള്‍ തുടങ്ങുന്നേടം ഏതോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ അടയാളമായി വെച്ചിരുന്നു.ആ കടലാസിനു പിന്നില്‍ ബോള്‍പേന തുപ്പിയ ആനന്ദിണ്റ്റെ കുനുകുനുത്ത അക്ഷരങ്ങള്‍. ഡോക്ടറുടെ കണ്ടെത്തല്‍:
"യു ഹാവ്‌ എ ഗ്രോത്ത്‌ ഇന്‍ യുവര്‍ ബ്രെയിന്‍...ഐ മീന്‍... "
ലോകത്തൊരു തെണ്ടിയും തരാത്ത ആശ്വാസത്തിണ്റ്റെ ആനുകൂല്യം ഒരു രോഗ വാക്കൊഴിവാക്കിക്കൊണ്ട്‌ ഡോക്ടറെന്തിനു തരണം ?
എണ്റ്റെ കണ്ടെത്തല്‍:
"അത്‌ സൂസന്നയെക്കുറിച്ചു മാത്രം ചിന്തിക്കാനായി തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റാണ്‌"
***

"അവന്‍ ജീവണ്റ്റെ വെളിച്ചം വെള്ളത്തില്‍ മുക്കിക്കെടുത്തി ഇരുളിണ്റ്റെ ആഴത്തിലേക്ക്‌ പോയി"
വൈശാഖന്‍ തണ്റ്റെ ചെമന്നു തുടുത്ത കണ്ണുകള്‍ തിരുമ്മി, ആനന്ദ്‌ ഇയ്യോബില്‍ അടിവരച്ചിരുന്ന ഭാഗങ്ങള്‍ വീണ്ടും വായിച്ചു.

"ഞാന്‍ സംസാരിച്ചാല്‍ എണ്റ്റെ വേദന ശമിക്കില്ല;
അടക്കിവെച്ചാല്‍ എത്രത്തോളം അത്‌ എന്നെ വിട്ടു മാറും ?
തീര്‍ച്ചയായും ഇതിനകം ദൈവം എന്നെ തളര്‍ത്തിക്കളഞ്ഞു;
എണ്റ്റെ ചൈതന്യം തകര്‍ന്നു;
എണ്റ്റെ ദിനങ്ങള്‍ കഴിഞ്ഞു;
ശവക്കുഴി എന്നെ കാത്തു കിടക്കുന്നു. "


******************************


മരക്കുരിശിണ്റ്റെ നിഴല്‍ രൂപം മെഴുകുതിരി നാളം കെടുന്നതു വരെ കാറ്റിനൊത്തു വിറച്ചു.

കാറ്റിന്‌ തണുപ്പില്ല.. !

നിശാഗന്ധിയുടെ നേര്‍ത്ത ഗന്ധവുമില്ല.. !!

ഉഷ്ണക്കാറ്റിന്‌ കരിന്തിരിയുടെ ഗന്ധം.. !!!

സൂസന്ന വിശുദ്ധഗ്രന്ഥം അടച്ചു വെച്ച്‌ ദ്രവിച്ച പുല്‍പ്പയമേല്‍ നടുനിവര്‍ത്തിക്കിടന്നു.

കാറ്റ്‌ ജനാലയുടെ മരപ്പാളികള്‍ ധിക്കാരപൂര്‍വ്വം വലിച്ചടയ്ക്കുകയും തള്ളിത്തുറക്കുകയും ചെയ്തു കൊണ്ടിരുന്നു.

"സൂസന്നാ"

ഒരു ഞെട്ടലോടെ സൂസന്ന വിളികേട്ടു:

"എന്തോ"

"കതവിണ്റ്റെ കുറ്റിയിടാന്‍ മറന്നല്ലേ.. ?"

കൊച്ചു പിള്ളേരെക്കണക്കുള്ള ചിരിയും വാക്കുകള്‍ നുള്ളിപ്പറക്കി വെച്ചുള്ള സംസാരവും അവള്‍ തിരിച്ചറിഞ്ഞു.

"കര്‍ത്താവെ...ആനന്ദ്‌.. !!"

സൂസന്ന വായ പൊത്തി നിലവിളി അമര്‍ത്തി.ശേഷം കാറ്റുവളച്ച പച്ചമുള നിവരുന്ന ശബ്ദത്തില്‍ അവള്‍ നീട്ടിയേങ്കരയുകയും വികൃതമായി ചിരിക്കുകയും ചെയ്തു.

സൂസന്ന ആനന്ദിണ്റ്റെ മെലിഞ്ഞ കൈകള്‍ അവളുടെ ഹൃദയഭാഗത്ത്‌ ചേര്‍ത്തു പിടിച്ചു.ആനന്ദിണ്റ്റെ ശരീരം ആകെ നനഞ്ഞ്‌ കുതിര്‍ന്നിരിക്കുന്നു.

സൂസന്നയുടെ പ്രക്ഷുപ്തമായ ഹൃദയത്തെ ആനന്ദ്‌ അവണ്റ്റെ കൈകളിലൂടെ അറിഞ്ഞു.ആനന്ദ്‌ സൂസന്നയെ അവണ്റ്റെ നെഞ്ചോടു ചേര്‍ത്തു നിറുത്തി.

ആനന്ദിണ്റ്റെ ദേഹത്തു നിന്നു വെള്ളം നിലത്തേക്ക്‌ ഇറ്റിറ്റ്‌ വീണു കൊണ്ടിരുന്നു.

ശംഖിനുള്ളിലെ കടലിരമ്പല്‍ സൂസന്ന ആനന്ദിണ്റ്റെ നെഞ്ചിനുള്ളില്‍ കേട്ടു.

"ആനന്ദെണ്റ്റെ അപ്പച്ചനെ കണ്ടായ്‌ര്‍ന്നോ ?"

"അപ്പച്ചനേം വല്യപ്പച്ചനേം വല്യമ്മച്ചിയേക്കെ കണ്ടു.വല്യപ്പച്ചന്‍ അവിടേം വല്യ അധ്വാനി തന്നെ.വല്യമ്മച്ചി ചൊവ്വെ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു.സൂസന്നേരപ്പച്ചണ്റ്റെ ചെരങ്ങെല്ലാം ഒണങ്ങി.സുഖം സ്വസ്ഥം. "

"കൊറേ നേരം മുമ്പുവരെ ഈ മുറിക്ക്‌ ആനന്ദ്‌ പറയാറുള്ള മരണത്തിണ്റ്റെ മണമായിരുന്നു. "

"മരണത്തിണ്റ്റെ മണം സത്യത്തില്‍ തണുത്ത ഇരുട്ടിണ്റ്റേതല്ല.തണുത്ത ഇരുള്‍ക്കയങ്ങളുടേതാണ്‌. "

തീരം വിട്ടിറങ്ങുന്ന തിര മണല്‍തരികള്‍ക്കിടയില്‍ മുളപ്പിക്കുന്ന ചെറു കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ്‌ ഇപ്പൊ ആനന്ദിണ്റ്റെ നെഞ്ചിനുള്ളില്‍.

"കല്ലാറിണ്റ്റെ തണുത്ത ഇരുള്‍ക്കയങ്ങള്‍ക്ക്‌ മരണത്തിണ്റ്റെ മണം അല്ലേല്‍ മരണത്തിന്‌ കല്ലറിണ്റ്റെ ഇരുള്‍ക്കയങ്ങളുടെ മണം. "

ആനന്ദിണ്റ്റെ വാക്കുകള്‍ക്ക്‌ അനുഭവത്തിണ്റ്റെ ശക്തിയുണ്ടായിരുന്നു.

വെള്ളം കയറിചെമന്ന കണ്ണുകളില്‍ ഹൃദയത്തിണ്റ്റെ മുറിവുകള്‍ കാണാമായിരുന്നു.


**********************

നാലു വര്‍ഷമായി കിടപ്പിലായിരുന്ന അമ്മച്ചി ചൊടിയോടെ വീട്ടില്‍ നിന്നിറങ്ങിയോടുന്നു.കൈയില്‍ സൂസന്ന ആക്രിക്കരന്‌ വിറ്റ അമ്മച്ചിയുടെ സ്വത്തായ ഡ്രങ്കുപ്പെട്ടിയുമുണ്ട്‌. ആനന്ദിണ്റ്റെ നനഞ്ഞ ശരീരത്തില്‍ നിന്നോടിച്ചെന്ന്‌

സൂസന്ന നീട്ടി വിളിച്ചു:

"അമ്മച്ചീ..നിയ്ക്ക്‌. എങ്ങോട്ടാ പാതിരാത്രീല്‌ ?"

"നിയ്ക്കാന്‍ നേരില്ല മോളെ.വണ്ടി പോവും.അപ്പച്ചണ്റ്റെടുത്തേക്കണ്‌.." അമ്മച്ചി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

സൂസന്ന പിറകേ ഓടിയിട്ടും അമ്മച്ചിയുടെ കൂടെയെത്താനായില്ല.

"നിയ്ക്കമ്മച്ചീ..അപ്പച്ചനവിടെ സുഹം തന്നെ.ആനന്ദ്‌ കണ്ടിരുന്നൂന്ന്‌.പുണ്ണെല്ലാം പൊറുത്തെന്ന്‌. ഇപ്പം അങ്ങോട്ട്‌ പോണ്ടമ്മച്ചീ"

അമ്മച്ചി മറുപടി പറയാതെ തണ്റ്റെ സ്വത്തായ ഡ്രങ്കുപ്പെട്ടിയും തൂക്കി ഓടുകയാണ്‌.സൂസന്ന സര്‍വ്വ ശക്തിയുമെടുത്ത്‌ പിന്നാലെ ഓടി.

"അമ്മച്ചീ .. എന്നെയിട്ടിറ്റ്‌ പോവല്ലേ"

"റിസര്‍വ്‌ ചെയ്തു പോയി മോളെ. "

സ്റ്റേഷനിലെത്തിയപ്പോള്‍ പുക തുപ്പി ചൂളം വിളിച്ച വണ്ടി അനങ്ങിത്തുടങ്ങിയിരുന്നു.അമ്മച്ചി ഓടിപ്പോയി പിന്നിലെ ബോഗിയില്‍ കയറിയ ശേഷം കൈവീശിക്കാണിച്ചു.അമ്മച്ചിയുടെ അരുകത്തായി അന്നേരം ആനന്ദും നില്‍പ്പുണ്ടായിരുന്നു.കൊച്ചു പിള്ളേരെപ്പോലെ അയാള്‍ അപ്പോഴും ചിരിയ്കുന്നുണ്ടായിരുന്നു.

അവള്‍ കൈവീശിക്കാണിക്കണമോ മുഖം പൊത്തി കരയണമോയെന്ന്‌ ഒരു നിമിഷം സംശയിച്ചു .

അനന്തതയിലേക്ക്‌ നീണ്ടു പോകുന്ന പാളങ്ങള്‍...

പ്ളാറ്റ്‌ഫോമിലെ കോണ്‍ക്രീറ്റ്‌ ബഞ്ചിലിരുന്ന്‌ അവള്‍ കണ്ണടച്ചു.

ജനാലയിലൂടെ ചൂടുള്ള വെയില്‍ മുഖത്ത്‌ വന്ന്‌ വീണപ്പോള്‍ അവള്‍ കണ്ണ്‌ തുറന്നു.പുല്‍പ്പായ ചുരുട്ടി വെച്ചു.അവളുടെ തല ചിരട്ടക്കനലിട്ട തേപ്പുപെട്ടികണക്ക്‌ ചൂടായിരുന്നു.

മുറിക്കുള്ളില്ലാകെ വളിച്ച കഞ്ഞിയുടെ തീഷ്ണഗന്ധം കെട്ടിക്കിടന്നു.

സൂസന്നയുടെ സ്വത്തായ വിശുദ്ധഗ്രന്ഥത്തിലെ വിയര്‍പ്പിണ്റ്റെയും കണ്ണീരിണ്റ്റെയും കരിന്തിരിയുടേയും ഗന്ധത്തിനൊപ്പം വളിച്ച കഞ്ഞിയുടെ കടുത്ത ഗന്ധവും മഞ്ഞനിറം പടര്‍ന്ന താളുകള്‍ക്കിടയിലേക്ക്‌ കയറിക്കൂടിയിരുന്നു.

അമ്മച്ചിയുടെ ശവമടക്കിന്‌ കുടുംബകല്ലറ തുരക്കുമ്പോള്‍ ഗന്ധങ്ങളുടെ പ്രളയം സൂസന്നയെ ആക്രമിച്ചു.യോഹന്നാനും മറിയയും പൌലോസും സെറീനയും പിന്നെ എണ്ണമറ്റ ബന്ധുജനങ്ങളും സൂസന്നയുടെ തലയ്ക്കുള്ളിലെവിടെയോ ഗന്ധങ്ങളായി മുത്തമിട്ടു....

സൂസന്നയുടെ വിശുദ്ധഗ്രന്ഥം അവളുടെ ഹൃദയത്തോട്‌ ചേര്‍ന്നിരുന്ന്‌ പിടച്ചു.ചുറ്റും കൂടിയിരുന്നവരുടെ കണ്ണുകള്‍ സഹതാപത്താല്‍ തന്നിലേക്ക്‌ നീളുന്നത്‌ സൂസന്ന അറിഞ്ഞില്ല.

ഗന്ധങ്ങളുടെ ഗ്രന്ഥവുമായി അവള്‍ തിരിഞ്ഞ്‌ അപ്പച്ചനും അമ്മച്ചിക്കും വല്യപ്പച്ചനും വല്യമ്മച്ചിക്കും എണ്ണമറ്റ ബന്ധുജങ്ങള്‍ക്കുമൊപ്പം നടക്കും നേരംവീശിയടിച്ച ഇളം കാറ്റില്‍ കുടുങ്ങിക്കിടന്ന ഗന്ധം അവള്‍ തിരിച്ചറിഞ്ഞതുമില്ല.

ചുടുകണ്ണീരാല്‍ നേര്‍ത്ത രക്തത്തിണ്റ്റെ ഗന്ധം...


(വര-മോത്തി മയ്യനാട്)

Thursday, November 13, 2008

നിശ്ചല്‍--2 (സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ഇന്ത്യ)

യുദ്ധം ചെയ്യാന്‍ സമയമായി


ഉള്ളതു കൊണ്ട്‌ ഓണം പോലെ


ലോണ്‍ ശരിയായി ഇനി പുരപണി പൂര്‍ത്തിയാക്കാം..


6,7,8,9........ചെഗുവര യുടെ പഴയ കണക്കുകള്‍..


ആട്ടാമ്പുഴുവും പൂവും..